
ന്യൂഡൽഹി/ തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കേന്ദ്ര തുറമുഖ-ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളുമായും കൂടിക്കാഴ്ച നടത്തി. അമിത് ഷായെ അടൽ അക്ഷയ് ഊർജ്ജ ഭവനിലെത്തിയും, സർബാനന്ദ സോനോവാളിനെ ട്രാൻസ്‌പോർട്ട് ഭവനിലെ ഓഫീസിലെത്തിയുമാണ് അദ്ദേഹം കണ്ടത്.
സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങൾ അമിത് ഷായുമായി ചർച്ച ചെയ്തു. ചില നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുടെ മുന്നിലും വെച്ചിട്ടുണ്ട്. കേരളത്തെ തുറമുഖ നഗരമാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ കേന്ദ്ര തുറമുഖ-ജലഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇ.ഡി റെയ്ഡ്: പ്രതികരിക്കാതെ മുഖ്യമന്ത്രി .
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം ഇന്നലെ ഇ.ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വി.ഡി. സതീശൻ പ്രതികരിച്ചില്ല.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം കേന്ദ്രമന്ത്രിമാരെ കണ്ടത്. രാവിലെ ചില ഓൺലൈൻ യോഗങ്ങളിലും പങ്കെടുത്ത ശേഷം രാത്രിയോടെ കൊച്ചിയിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരെയും അദ്ദേഹം സന്ദർശിച്ചിരുന്നു.










